Banner Ads

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിൽ; വികസനം നിലച്ചെന്ന് കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും പരാജയമാണെന്നും കോർപ്പറേഷൻ ഭരണം പൂർണ്ണമായും കുത്തഴിഞ്ഞ നിലയിലാണെന്നും കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിലായതിനെ തുടർന്ന് നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ പോലും ചേരാനാകാത്ത പ്രതിസന്ധിയിലാണ് ഭരണസമിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിലെ മരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും നിലച്ച മട്ടാണെന്നും അദ്ദേഹം വിമർശിച്ചു.

ഓരോ മാസവും നിർബന്ധമായും കൗൺസിൽ യോഗം കൂടണമെന്ന അടിസ്ഥാന ചട്ടം തിരുവനന്തപുരം കോർപ്പറേഷനിൽ ലംഘിക്കപ്പെടുകയാണ്.ജയിലിലുള്ള കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കൗൺസിൽ യോഗം വിളിക്കാൻ മടിക്കുന്നത്. ആർ. സുഗതനെതിരെയുള്ള അഴിമതിക്കേസുമായി ശക്തമായി മുന്നോട്ടുപോയത് യുഡിഎഫ് ആണ്. എന്നാൽ നിലവിലെ കോർപ്പറേഷൻ ഭരണസമിതി പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.വരും ദിവസങ്ങളിൽ കൗൺസിൽ യോഗം ചേരുകയാണെങ്കിൽ, കോടതി നിർദ്ദേശിച്ച പ്രകാരമുള്ള സത്യപ്രതിജ്ഞ നടത്താൻ ഭരണസമിതി തയ്യാറാകണം.

യുഡിഎഫ് കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തിപരമായ നിലപാട്. എന്നാൽ ബിജെപി എന്തുകൊണ്ടാണ് ഈ വിഷയത്തിൽ നിയമപരമായ വഴി തേടാത്തതെന്നും ശബരീനാഥൻ ചോദിച്ചു.”ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാത്ത വലിയ പ്രതിസന്ധിയിലാണ് ബിജെപി. കൗൺസിൽ യോഗം എത്രയും വേഗം വിളിച്ചുചേർക്കാൻ ഭരണസമിതി തയ്യാറാകണം.” നഗരസഭയിലെ ഭരണസ്തംഭനത്തിനും ബിജെപിയുടെ അനാസ്ഥയ്ക്കുമെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം. വിഷയത്തിൽ അടിയന്തരമായി നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു.