കോട്ടയം : തോട്ടിലെ ചേറുനിറഞ്ഞ വെള്ളത്തില്‍ വീണ ഓട്ടോഡ്രൈവറെ രക്ഷപ്പെടുത്തി. ആര്‍പ്പൂക്കര പനമ്പാലം പാലത്തിനു സമീപത്തായിട്ടുള്ള തോനാകരിത്തോട്ടില്‍ ജീവനുവേണ്ടി പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ശ്രീജിത്തിനെ (40) ആണ് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പനമ്പാലം പായിക്കാട്ട് ജസ്റ്റി ജോസഫ് രക്ഷപ്പെടുത്തിയത്. തൊണ്ണംകുഴി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് ശ്രീജിത്ത്. ഇതുവഴി വന്നപ്പോൾ മുഖം കഴുകാനായി തോട്ടിലിറങ്ങിയതായിരുന്നു ശ്രീജിത്ത്. അതിനിടയിൽ ആഴത്തിൽ ചെളിനിറഞ്ഞു കിടന്ന തോട്ടിലേക്ക് വീഴുകയായിരുന്നു.
നീന്തലറിയാത്ത ശ്രീജിത്ത് കാലുറയ്ക്കാനാവാതെ ചെളിയിലേക്കു താഴ്ന്നുപോവുന്നതിനിടെ അലറിവിളിച്ചപ്പോൾ ഇതുകേട്ട് ഓടി വന്ന സമീപവാസിയായ സിബിച്ചന്‍ എന്നയാൾ അടുത്തു താമസിക്കുന്ന ജസ്റ്റിയെയും വിളിച്ചുകൊണ്ടു വന്ന് ചെളിയില്‍ മുഴുവനായും താഴ്ന്ന്പോയ തലയുടെ മുകള്‍ഭാഗം മാത്രം കാണാവുന്ന നിലയിലായിരുന്നു ശ്രീജിത്ത് ഉണ്ടായിരുന്നത്. തൽക്ഷണം വെള്ളത്തിലേക്ക് എടുത്തുചാടിയ ജസ്റ്റി ചെളിയില്‍നിന്ന് ശ്രീജിത്തിനെ പൊക്കി ഉയർത്തി കരയ്ക്കുകയറ്റുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികള്‍ നൽകിയ മുളങ്കമ്പിൽ പിടിച്ചാണ് കരയ്ക്കടുപ്പിച്ചത്. സംഭവമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.