Banner Ads

ട്രാക്കിൽ സ്ലാബും സിമന്റ് കട്ടയും വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ, കാരണം ജോലി കിട്ടാത്തതിന്റെ അമർഷം

പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ഇരുപത്തിനാലുകാരനായ ഷുക് ലാൽ മാറിയയെയാണ് ആർ.പി.എഫ് (RPF) പിടികൂടി റിമാൻഡ് ചെയ്തത്. ജോലി ലഭിക്കാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മൂന്നിടങ്ങളിലാണ് ഇന്നലെ രാവിലെ 10:30-നും 11:30-നും ഇടയിൽ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബുകൾ, റെയിൽ കഷണങ്ങൾ, ഒരു ചാക്കിൽ കട്ടപിടിച്ച സിമൻ്റ് എന്നിവയാണ് ട്രാക്കിൽ വെച്ചിരുന്നത്.ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദ്യം പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞെങ്കിലും, പിന്നീട് നടത്തിയ ശക്തമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.24 വയസ്സായിട്ടും ജോലി കിട്ടാത്തതിൽ കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നതായും, ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നിയതുകൊണ്ടുമാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ടിട്ടതെന്നുമാണ് പ്രതി മൊഴി നൽകിയത്.സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി ആർ.പി.എഫ് സംഘം അറിയിച്ചു.