
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം തിരിതെളിച്ച അദ്ദേഹം, തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കി ഉയർത്തണമെന്നും ലോകത്തിനു മുന്നിൽ അതിൻ്റെ പാരമ്പര്യം പ്രദർശിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
തൃപ്പൂണിത്തുറയുടെ പൈതൃകം സംരക്ഷിക്കുന്നതിനായി വിദേശ വിദഗ്ധരെ എത്തിച്ച് പഠനം നടത്തണമെന്നും, അനുയോജ്യമായ പ്രൊപ്പോസൽ തയ്യാറാക്കിയാൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാകുമെന്നും വി. ഡി. സതീശൻ വ്യക്തമാക്കി. വികസന കാര്യങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉദ്ഘാടന ചടങ്ങിനു ശേഷം ചലച്ചിത്ര താരം ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഇത്തവണ അണിനിരക്കുന്നത്.
പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങൾ നഗരത്തിന് ഉത്സവച്ഛായ പകർന്നു.നഗരത്തിൽ കർശന ഗതാഗത നിയന്ത്രണംഞായറാഴ്ചയായതിനാൽ വൻ ജനത്തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാണ് കൊച്ചിയിൽ ഗതാഗത നിയന്ത്രണം.വലിയ വാഹനങ്ങൾ: കോട്ടയം, വൈക്കം ഭാഗങ്ങളിൽ നിന്നുവരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട്-എയർപോർട്ട് റോഡ് വഴി എറണാകുളത്തേക്ക് തിരിച്ചുവിട്ടു.
ബസുകളും ചെറുവാഹനങ്ങളും കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നു വരുന്നവ കണ്ണൻകുളങ്ങര ജംഗ്ഷൻ മിനി ബൈപാസ് വഴി യാത്ര തുടരണം.കാക്കനാട്, അമ്പലമേട് ഭാഗത്തേക്ക് നടക്കാവു തിരിഞ്ഞ് മുളന്തുരുത്തി-ചോറ്റാനിക്കര വഴി സഞ്ചരിക്കണം.
എറണാകുളം, വൈറ്റില ഭാഗത്തു നിന്നുള്ളവ പേട്ട ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴിയോ, ഇരുമ്പനം ജംഗ്ഷൻ വഴിയോ തിരിഞ്ഞുപോകേണ്ടതാണ്.