Banner Ads

ഇൻസ്റ്റഗ്രാം കാമുകിയെ കാണാൻ പീച്ചിയിലെത്തി; മാലയും മൊബൈലും തട്ടിയെടുത്ത് യുവതി മുങ്ങി, ഒടുവിൽ പിടിയിൽ!

തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി നാല് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് സ്വദേശി ഹമിഷദാസ് (25) ആണ് പീച്ചി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാസം 26-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേലക്കര സ്വദേശിയായ യുവാവിനെയാണ് പ്രതിയായ ഹമിഷദാസ് ഇൻസ്റ്റഗ്രാം വഴി കെണിയിൽ വീഴ്ത്തിയത്.

നേരിട്ട് കാണാമെന്നു പറഞ്ഞ് യുവാവിനെ പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി.ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാല് പവന്റെ മാല യുവതി ഊരിവാങ്ങി സ്വന്തം കഴുത്തിലിട്ടു.ഇത് യുവാവ് എതിർത്തതോടെ, ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറയുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണും കൈക്കലാക്കി ഇവർ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

പീച്ചി സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ രേഖകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് യുവതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പീച്ചി സബ് ഇൻസ്പെക്ടർ ജിനോ പീറ്റർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പൊലീസ് ഓഫീസർ നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.