Banner Ads

ശബരിമലയിൽ അരവണ പ്രതിസന്ധി അതിരൂക്ഷം; നട ഇന്ന് അടയ്ക്കാനിരിക്കെ ശേഷിക്കുന്നത് 5,000 ടിൻ മാത്രം

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണ പ്രതിസന്ധി അതിരൂക്ഷമാകുന്നു. 5,000 ടിൻ അരവണ മാത്രമാണ് ഇനി ദേവസ്വം ബോർഡിന്റെ പക്കൽ സ്റ്റോക്കുള്ളത്.

ഇന്ന് ദർശനത്തിനായി 15,000 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്‌പോട്ട് ബുക്കിംഗ് കൂടി കണക്കിലെടുക്കുമ്പോൾ 17,000-ത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരവണ ക്ഷാമം രൂക്ഷമായതോടെ ഒരാൾക്ക് ഒരു ടിൻ അരവണ വീതം നൽകിയാൽ മതിയെന്ന ഭരണസമിതിയുടെ തീരുമാനം കഴിഞ്ഞദിവസങ്ങളിൽ ഭക്തരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അരവണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഉൽപ്പാദനം തടസ്സപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മാസപൂജ ദിവസങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യത്തിന് കരുതൽ ശേഖരം ഒരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.