Banner Ads

താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെത്തുടർന്ന് ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മുരളീധരന്റെ ഓട്ടോറിക്ഷയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു.

ഇതിനെത്തുടർന്ന് ഇന്നലെ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാർ ഓട്ടോ സ്റ്റാൻഡിലെത്തി മുരളീധരനെ ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കൾ ആരോപിക്കുന്നു. പണം ഉടൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാർ മോശമായി പെരുമാറിയെന്നും, ഈ മാനസിക വിഷമത്തിലാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും സഹപ്രവർത്തകർ പറയുന്നു.പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലെ സ്റ്റാൻഡിലായിരുന്നു മുരളീധരൻ ഓട്ടോ ഓടിച്ചിരുന്നത്.

തന്റെ ഓട്ടോ സമീപത്ത് തന്നെ പാർക്ക് ചെയ്ത ശേഷമാണ് അദ്ദേഹം ഓഫീസിനുള്ളിൽ കയറി ജീവനൊടുക്കിയത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.