
കണ്ണൂർ: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുമെന്നും അത് തന്റെ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളോട് വോട്ട് ചോദിക്കാൻ എത്തില്ലെന്നും കണ്ണൂരിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ തനിക്ക് ഇക്കാര്യത്തിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയിംസ് വിഷയത്തിൽ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നൽകിയ മറുപടി മുൻഗണനാ ക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണം മാത്രമാണ്. അതിന് കോടതി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും, നീതിന്യായ വ്യവസ്ഥ ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.കേരളത്തിൽ എയിംസിനായി അനുയോജ്യമായ അഞ്ച് സ്ഥലങ്ങളുടെ പ്രൊപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെയും കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ കൃത്യമായ നിർദ്ദേശം നൽകുന്ന മുറയ്ക്ക് അനുയോജ്യമായ സമയത്ത് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കും.
കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂരിലെ ഭൂമി ഉൾപ്പെടെ ഇതിനായി പ്രയോജനപ്പെടുത്താം.
തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിനിടെ ഇക്കാര്യം താൻ കെ. മുരളീധരനോട് നേരിട്ട് സംസാരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കൃത്യമായ പ്രൊപ്പോസലുകൾ ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.