Banner Ads

അയോധ്യയ്ക്ക് പിന്നാലെ ബദ്രീനാഥിലും ക്ഷേത്ര ഫണ്ട് തട്ടിപ്പ് വിവാദം; ജീവനക്കാരെ ചോദ്യം ചെയ്യും

ഡെറാഡൂൺ : അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിലും ക്രമക്കേട് നടന്നതായി ആരോപണം. സംഭാവനയായി ലഭിച്ച പണവും സ്വർണ്ണവും ജീവനക്കാരിൽ ചിലർ അപഹരിച്ചെന്ന പരാതി ശക്തമായതോടെ ബദ്രീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി അന്വേഷണത്തിന് ഉത്തരവിട്ടു.

ഭൈരവ് സേന എന്ന സംഘടനയാണ് ക്ഷേത്രത്തിലെ ഒരു വിഭാഗം ജീവനക്കാർ വഴിപാട് പണം തട്ടിയെടുക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയത്. പണം കടത്തുന്നതെന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ജീവനക്കാരിൽ നിന്നും പണം എണ്ണുന്ന ചുമതലയിലുണ്ടായിരുന്നവരിൽ നിന്നും സമിതി വിശദീകരണം തേടും. അതേസമയം സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജീവനക്കാരൻ തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന വാർത്തകൾ ബികെടിസി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി പ്രതികരിച്ചു.

ഇയാൾ ക്ഷേത്രസമിതിയിലെ സ്ഥിരം സർക്കാർ ജീവനക്കാരനാണെന്നും മുൻപുണ്ടായിരുന്ന മൂന്ന് അധ്യക്ഷന്മാരുടെ കൂടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രസമിതി അറിയിച്ചിട്ടുണ്ട്.