Banner Ads

നടി അൻസിബ എ സി പി ഓഫീസിൽ ഹാജരായി; മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൊഴിയെടുത്തു

കൊച്ചി : നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്ഐ രേഷ്മ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പോലീസിന് കൈമാറിയതിനെ തുടർന്നാണ് അൻസിബയെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്.

നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. തന്നോട് വ്യക്തിവിരോധം തീർക്കാൻ മറ്റൊന്നും കിട്ടാതിരുന്നപ്പോഴാണ് തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ടിനി ടോം ശ്രമിച്ചതെന്ന് അൻസിബ ആരോപിച്ചു. തന്നോട് മാത്രമല്ല കേരളം പോലുള്ള ഒരു മതേതര സംസ്ഥാനത്തോടും സമൂഹത്തോടുമാണ് അദ്ദേഹം ദ്രോഹം ചെയ്തത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്.

ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി. മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ഇപ്പോൾ എന്നെ കേൾക്കാൻ തയ്യാറാണെന്ന് അമ്മയുടെ നേതൃത്വം പറയുന്നത്. ഇതിനു മുൻപ് പലതവണ ഞാൻ പരാതി നൽകിയിട്ടും അവഗണിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും അതേ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പറഞ്ഞു.

ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചെന്നാണ് അൻസിബയുടെ പരാതി. എസ്ഐ രേഷ്മ തടിച്ചുകൂടിയ ആളുകളുടെ മുന്നിൽ വെച്ച് തന്നെ അവഹേളിക്കുകയും സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിച്ചു.

താൻ നേരിട്ട കടുത്ത മാനസിക വിഷമങ്ങൾക്കും അപമാനത്തിനും പരിഹാരമായി ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അൻസിബ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.