കൊച്ചി : ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കതകടച്ച് ബലമായി ലൈംഗികാതിക്രമം നടത്തിയെന്ന ജൂനിയർ ആർടിസ്റ്റിന്‍റെ ആരോപണം നിഷേധിച്ച് നടനും അമ്മ അസോസിയേഷന്‍റെ താല്‍കാലിക ജനറല്‍ സെക്രട്ടറിയുമായ ബാബുരാജ്. ഇല്ലാത്ത വീട്ടില്‍ വച്ച് എങ്ങനെ പീഡിപ്പിക്കാനാണെന്നും ആരോപണം ശരിയല്ലെന്നും നടൻ പറയുന്നു. 2019 ല്‍ ആലുവയിലെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് യുവനടി ഉന്നയിച്ച ആരോപണം ശരിയല്ല. 2015 മുതല്‍ 2020 വരെ താൻ മൂന്നാറിലാണ് താമസിച്ചിരുന്നതെന്നും ഇല്ലാത്ത വീട്ടില്‍ വച്ച് എങ്ങനെയാണ് പീഡിപ്പിക്കുകയെന്നും ബാബുരാജ് പറയുന്നു. ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ചിട്ടു നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആർട്ടിസ്റ്റിന്റെ ആരോപണം.
ആലുവയില്‍ വീട്ടില്‍ വരാൻ ആവശ്യപ്പെടുകയും തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്‌തെന്ന് യുവതി ആരോപിക്കുന്നു. മുഴുനീളയുള്ള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം നൽകിയത്. തനിക്ക് റെസ്റ്റെടുക്കാൻ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടയ്ക്കുകയും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തല്‍. നിരവധി പെണ്‍ക്കുട്ടികള്‍ ബാബുരാജിൻ്റെ കെണിയില്‍ വീണിട്ടുണ്ടെന്നും അവർക്ക് ഭയം ഉള്ളതിനാലാണ് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു.