
എറണാകുളം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസ് പരിഗണിക്കവെ പ്രതികൾ ഹാജരാകാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതി.
കേസിലെ മുഴുവൻ പ്രതികളോടും നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. എട്ട് വർഷത്തിനിടെ പ്രതികൾ ഒരു തവണ മാത്രമാണ് കോടതിയിൽ എത്തിയതെന്ന് അഭിമന്യുവിന്റെ സഹോദരന് വേണ്ടി ഹാജരായ അഡ്വ അരുൺ കുമാർ ചൂണ്ടിക്കാട്ടി.
ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രതികൾ കോടതി നടപടികളോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാധ്യമങ്ങൾ തടിച്ചുകൂടി നിൽക്കുന്നത് കൊണ്ടാണ് പ്രതികൾക്ക് ഹാജരാകാൻ ബുദ്ധിമുട്ടുള്ളതെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു.
മാധ്യമപ്രവർത്തകർ നിൽക്കുന്നതിന്റെ ചിത്രങ്ങളും പ്രതിഭാഗം കോടതിയെ കാണിച്ചു. ഇതാണോ കാരണം, വിചാരണ സമയത്ത് നിങ്ങൾ എന്ത് ചെയ്യും എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കേസിലെ 16 പ്രതികൾക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്താൻ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കോടതി അനുമതി നൽകി. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.