Banner Ads

പാലാ നഗരത്തെ മുൾമുനയിൽ നിർത്തി പുലിപ്പേടി; അജ്ഞാത ജീവി പട്ടിയെ പിടികൂടിയതായി പരാതി

പാലാ: നഗരമധ്യത്തിൽ പുലി ഇറങ്ങിയെന്ന അഭ്യൂഹം പരന്നതോടെ പാലാ ജനറൽ ആശുപത്രി റോഡിലും പരിസരങ്ങളിലും വൻ പരിഭ്രാന്തി. രാത്രി ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ, ഒരു പട്ടിയെ അജ്ഞാത ജീവി കടിച്ചെടുത്തുകൊണ്ടു പോകുന്നത് കണ്ടതോടെയാണ് പുലിപ്പേടി പടർന്നത്. നഗരത്തിലെ ഒരു വീട്ടിൽ നിന്നും പട്ടിയെ കാണാതായതായി കൗൺസിലർ ലീനാ സണ്ണി സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അജ്ഞാത ജീവി പട്ടിയെ വേട്ടയാടുന്നത് കണ്ടത്. കണ്ടത് പുലിയെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും തൊഴിലാളികളുടെ വിവരണം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.നഗരമധ്യത്തിലും പരിസരങ്ങളിലും വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ-സർക്കാർ ഭൂമികൾ വന്യമൃഗങ്ങളുടെ താവളമാകുകയാണ്.

നേരത്തെ നരി, കുറുക്കൻ, മുള്ളൻപന്നി എന്നിവയെ ഈ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയെ പുലിയായി തെറ്റിദ്ധരിച്ചതാകാമെന്നും കരുതപ്പെടുന്നു.കടുത്ത വേനലിൽ വെള്ളം തേടി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പട്ടിയെ പിടികൂടിയത് കണ്ട തൊഴിലാളികളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കുമെന്നും, ഇതിനുശേഷം വനംവകുപ്പിനും പോലീസിനും ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ അറിയിച്ചു.

അഭ്യൂഹങ്ങളെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.നഗരത്തിൽ ഭീതി പരത്തുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും, ജനവാസ കേന്ദ്രങ്ങളിലെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ അടിയന്തിരമായി വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.