Banner Ads

രണ്ടാഴ്ചയോളം അടച്ചിട്ട മേശ തുറന്നു; വലിപ്പിനുള്ളിൽ ‘സ്വർണമോതിരമിട്ട’ അതിഥി!

കാസർകോട്: രണ്ടാഴ്ചയോളം അടച്ചിട്ടിരുന്ന മേശവലിപ്പ് തുറന്ന വീട്ടുകാർ കണ്ടത് അവിശ്വസനീയമായ കാഴ്ച—ശരീരത്തിൽ സ്വർണമോതിരം കുടുങ്ങിയ നിലയിൽ ഒരു പാമ്പ്! പതിക്കാലിലെ രവിയുടെ വീട്ടിലാണ് ബുധനാഴ്ച രാവിലെ സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്.പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തെ ഷെഡിലായിരുന്നു രവിയും കുടുംബവും താമസിച്ചിരുന്നത്.

രാവിലെ ബാങ്ക് ആവശ്യങ്ങൾക്കായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശവലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാല് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വലിപ്പ് അടച്ച് ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരെത്തി മേശ പരിശോധിച്ചപ്പോഴാണ് നാലടിയോളം നീളമുള്ള ചേരയെ കണ്ടെത്തിയത്. പാമ്പിനെ പുറത്തെടുത്തപ്പോഴാണ് അതിന്റെ ശരീരത്തിന്റെ മധ്യഭാഗത്തായി ഒരു സ്വർണമോതിരം കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

രവിയുടെ അന്തരിച്ച പിതാവ് ഉപയോഗിച്ചിരുന്ന മോതിരം മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനുള്ളിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിന്റെ ശരീരത്തിൽ മോതിരം കുടുങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്.മോതിരം കുടുങ്ങിയതിനെത്തുടർന്ന് ചേര ഏറെ അവശനിലയിലായിരുന്നു. വൊളന്റിയർമാർ അതീവ ജാഗ്രതയോടെ മോതിരം മുറിച്ചുമാറ്റി പാമ്പിനെ സ്വതന്ത്രനാക്കി. തുടർന്ന് പാമ്പിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി.