Banner Ads

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷം; പേവിഷ പ്രതിരോധ മരുന്നുകൾ പോലും ലഭ്യമല്ല; സ്പെഷ്യലിസ്റ്റ് പദ്ധതിയും താളംതെറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും ഫണ്ടിന്റെ കുടിശ്ശികയും മൂലം പ്രതിസന്ധി രൂക്ഷമാകുന്നു. പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ ഉൾപ്പെടെ ജീവൻരക്ഷാ മരുന്നുകൾ പോലും പല ആശുപത്രികളിലും ലഭ്യമല്ല.

ഗ്രാമീണ മേഖലകളിലെയും താലൂക്ക് തലങ്ങളിലെയും താഴെത്തട്ടിലുള്ള ആശുപത്രികളെയാണ് ഈ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കമ്പനികൾക്കുള്ള ഭീമമായ കുടിശ്ശിക മൂലം മരുന്നുകൾക്കും സജ്ജീകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ നൽകുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ഈ സാമ്പത്തിക വർഷം ലഭ്യമാക്കേണ്ട 209 ഇനം മരുന്നുകളുടെയും അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയും തുടക്കത്തിലേ താളംതെറ്റി.

ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ സാധിക്കാത്തതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. ആദ്യം നടപ്പിലാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും സംവിധാനം പൂർണ്ണസജ്ജമാക്കാൻ ആരോഗ്യവകുപ്പിനായിട്ടില്ല.

മലപ്പുറം ജില്ലയിൽ പദ്ധതിയുടെ പ്രാഥമിക ഘട്ടം പോലും ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല. മരുന്ന് ക്ഷാമവും ഡോക്ടർമാരുടെ കുറവും മൂലം സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.