Banner Ads

ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു; ക്യാബിൻ പൂർണ്ണമായും കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടിയിലുള്ള മറ്റൊരു വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

വാഹനത്തിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും യാത്രക്കാരും ഉടനടി പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ മിനി ലോറിയുടെ ക്യാബിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഉടനടി തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്‌സ് അധികൃതരുടെ പ്രാഥമിക നിഗമനം.