Banner Ads

തൃശ്ശൂരിൽ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് ഡ്യൂട്ടിക്കിടെ പാമ്പുകടിയേറ്റു

തൃശ്ശൂർ: സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പുകടിയേറ്റു. ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ എസ്റ്റേറ്റ്പടി ജനകീയ ആരോഗ്യകേന്ദ്രത്തിലെ നഴ്‌സും ചാവക്കാട് സ്വദേശിനിയുമായ മിസിരിയ (26) യ്ക്കാണ് അണലിയുടെ കടിയേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ പിൻവശത്തുവച്ചാണ് സംഭവം. കാലിൽ കടിയേറ്റ മിസിരിയയെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇവരെ പിന്നീട് വാർഡിലേക്ക് മാറ്റി.

നൂറുകണക്കിന് രോഗികൾ ദിവസവും എത്തുന്ന ആരോഗ്യകേന്ദ്രത്തിൽ നഴ്‌സിന് പാമ്പുകടിയേറ്റത് രോഗികളിലും ജീവനക്കാരിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് വെട്ടിയിട്ട മരങ്ങൾ മാറ്റാത്തതും പരിസരത്ത് കാടും കുറ്റിച്ചെടികളും വളർന്നുപന്തലിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശുപത്രി പരിസരം അടിയന്തരമായി വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.