Banner Ads

മഞ്ഞിൻ കുളിരിലേക്ക് നീലവസന്തം; മൂന്നാറിന്റെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ : തണുത്തുറഞ്ഞ തേയിലത്തോട്ടങ്ങൾക്കും മഞ്ഞിൻ കണങ്ങൾക്കും പുറമേ മൂന്നാറിന് പുതിയ ഭംഗിയേകി നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങി. പച്ചപ്പുതച്ച മലനിരകളിൽ നീലനിറം പടർത്തി നയനമനോഹരമായ കാഴ്ചയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്.

മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ വിവിധ മേഖലകളിലെ മലഞ്ചെരിവുകളിലാണ് നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കാനഗറിലെ മലനിരകളിലാണ് നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി വിരിഞ്ഞുനിൽക്കുന്നത്.

അകലെനിന്ന് നോക്കുമ്പോൾ പച്ചപ്പിന് മുകളിൽ നീലച്ചായം വിതറിയപോലെ തോന്നിപ്പിക്കുന്ന മലനിരകളും അടുത്തെത്തുമ്പോൾ ചെറുപൂക്കളുടെ വസന്തവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് നീലക്കുറിഞ്ഞിയുടെ ഈ അപ്രതീക്ഷിത പൂക്കാലം ഇരട്ടി മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്.