
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ സിറ്റി സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ (SEZ) ഫാർമസ്യൂട്ടിക്കൽ നിർമ്മാണ ശാലയിലുണ്ടായ ശക്തമായ ബോയിലർ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ടി.ഐ.എൽ ഹെൽത്ത്‌കെയറിന്റെ (TIL Healthcare) പ്ലാന്റിലാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തിൽ പത്തോളം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
രാവിലെ ഷിഫ്റ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കമ്പനി കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും പ്രദേശം മുഴുവൻ പുക ഉയരുകയും ചെയ്തു.വിവരമറിഞ്ഞയുടൻ ശ്രീ സിറ്റി പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.അപകടത്തെക്കുറിച്ച് പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ അധികൃതർ കമ്പനി മാനേജ്‌മെന്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ തീവ്ര ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തരമായി മികച്ച ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.