
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യേണ്ട കാലവർഷത്തിൽ 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 8 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ് — 49 ശതമാനം. അതേസമയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ അധിക മഴ ലഭിച്ചു.
വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യതയെന്നും തീവ്രമഴയ്ക്കുള്ള സാധ്യത നിലവിലില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇന്ന് നാല് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.