കൊല്‍ക്കത്ത: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ.
ആസ്വദിക്കാനും സന്തോഷിപ്പാനുമുള്ളവരാണ് സ്ത്രീകള്‍ എന്ന് ചിന്തിക്കുന്നവരാണ് ഗാംഗുലിയെപ്പോലെയുള്ളവര്‍ എന്നാണ് ഹസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വനിതാ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഗാംഗുലി പ്രതികരിച്ചിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് ഹസിന്‍ ഇന്‍സ്റ്റഗ്രാമില്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഗാംഗുലിയുടെ മകൾ സുരക്ഷിതയായതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന അദ്ദേഹത്തിന് മനസ്സിലാക്കാനാകാത്തതെന്ന് ഹസിൻ ജഹാൻ പറഞ്ഞു. സൗരവ് ഗാംഗുലിയെപ്പോലുള്ളവർക്ക് സ്ത്രീകളെ വിനോദത്തിനും ആസ്വാദനത്തിനും മാത്രമേ ആവശ്യമുള്ളു.അതുകൊണ്ടാണ് ലോകത്ത് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ നിരന്തരം ലോകത്ത് സംഭവിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെ ഇതിൽ പഴിക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. പശ്ചിമ ബംഗാളിലും ഇന്ത്യയും സ്ത്രീകൾക്ക് സുരക്ഷിതരാണോ.സൗരവ് ജി നിങ്ങളുടെ മകൾ ഇപ്പോഴും സുരക്ഷിതയാണ്,അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന നിങ്ങൾക്ക് മനസിലാവാത്തത്.
നിങ്ങൾ ആരാണെന്ന് 2018 ൽ തന്നെ ഞാൻ മനസ്സിലാക്കിയതാണ്. ഇപ്പോൾ ബംഗാളികളും അത് തിരിച്ചറിയേണ്ട സമയമാണ്. കാരണം, നിങ്ങൾ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണെങ്കിലും ഒരു നല്ല വ്യക്തിയായിരിക്കണമെന്നില്ല. ഞാൻ സത്യം പറയട്ടെ, ഇവിടെ ശരിക്കും ബംഗാളി ബുദ്ധി ഉപയോഗിച്ചത് നിങ്ങൾ മാത്രമാണെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്‍റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഐക്യദാര്‍ഢ്യം അറിയിച്ചെങ്കിലും ആരാധകര്‍ ഗാംഗുലിലെ വെറുതെ വിട്ടിരുന്നില്ല.