Banner Ads

അരനൂറ്റാണ്ട് പിന്നിട്ട സിനിമാവസന്തം; മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

കൊച്ചി : മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ പകരക്കാരില്ലാത്ത സാന്നിധ്യമായി തുടരുന്ന പ്രിയതാരത്തിന് ആശംസകളുമായി ചലച്ചിത്ര ലോകത്തെ പ്രമുഖരും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരുമാണ് രംഗത്തെത്തിയിട്ടുള്ളത്.

തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ചു. 1971 ഓഗസ്റ്റ് 6ന് പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ നടൻ ബഹദൂറിനൊപ്പമുള്ള ഒറ്റ രംഗത്തിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്.

പിന്നീട് 1973ൽ പുറത്തിറങ്ങിയ കാലചക്രം എന്ന ചിത്രത്തിലൂടെ അദ്ദേഹം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ സംഭാഷണം പറഞ്ഞു. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത മേള (1980) മമ്മൂട്ടിയുടെ സിനിമാ കരിയറിലെ വലിയ വഴിത്തിരിവായി. നായകൻ, വില്ലൻ, പോലീസ് ഉദ്യോഗസ്ഥൻ, രാഷ്ട്രീയക്കാരൻ, കർഷകൻ, തൊഴിലാളി, കുടുംബനാഥൻ,

അധ്യാപകൻ തുടങ്ങി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള അനേകം കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇക്കാലയളവിൽ വെള്ളിത്തിരയിൽ ജീവസുറ്റതാക്കിയത്. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ, പദ്മശ്രീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒൻപത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, കേരള പ്രഭ പുരസ്‌കാരം എന്നിവയ്ക്ക് പുറമെ കേരള, കാലിക്കറ്റ്, എം ജി സർവ്വകലാശാലകൾ ഡി ലിറ്റ് ബിരുദവും നൽകി ആദരിച്ചു. വയസ്സ് 75 കടക്കുമ്പോഴും പുതിയ പരീക്ഷണ ചിത്രങ്ങളുമായി മലയാള സിനിമയെ ലോകോത്തര തലത്തിലേക്ക് ഉയർത്തുകയാണ് ഈ മഹാനടൻ.