Banner Ads

നിഖിലും അനുവും ഇനി കുടുംബക്കല്ലറയില്‍ ഒന്നിച്ചുറങ്ങും, മക്കളോടൊപ്പം അവര്‍ക്കും അന്ത്യയാത്ര

പത്തനംതിട്ട: രാവിലെ മൃതദേഹങ്ങൾ എത്തിക്കുന്നതിനു മുൻപേ പൂങ്കാവ് പള്ളിമുറ്റത്ത് ആളുകൾ വന്ന് തുടങ്ങിയിരുന്നു. എട്ട് മണിയോടെ നാലുപേരുടെയും മൃതദേഹം പള്ളിയിലെ ഹാളിലേക്ക് എത്തിച്ചു. 8.30-തോടെ ചടങ്ങുകൾ ആരംഭിച്ചു. പൂങ്കാവ് കത്തോലിക്കാ പള്ളിയിലെ പെരുന്നാളിന്റെ അവസാന ദിവസം നിഖിൽ കൂട്ടുകാരോട് ‘ഇനി ഞങ്ങടെ മലേഷ്യ ട്രിപ്പിന് ശേഷം കാണാം’ എന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ, പള്ളിമുറ്റത്തേക്ക് വീണ്ടും എത്തിയത് നിഖിലിന്റെ ചേതനയറ്റ ശരീരമാണ്. പൊതുദർശനത്തിനായി ഒരേ വരിയിലാണ് നാലുപേരുടെയും ചേതനയറ്റ ശരീരങ്ങൾ വെച്ചത്. ആദ്യം ബിജു പി.ജോർജ്, തുടർന്ന് നിഖിൽ ഈപ്പൻ മത്തായി, അനു ബിജു, മത്തായി ഈപ്പൻ എന്നിങ്ങനെയാണ് വെച്ചത്. നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ പള്ളിമുറ്റത്തേക്ക് എത്തിയത്. കാണാൻ എത്തിയവരുടെ വരി പള്ളിമുറ്റവും കടന്ന് മീറ്ററുകളോളം റോഡിലേക്ക് നീണ്ടു. ജനപ്രവാഹമായിരുന്നെങ്കിലും പരിസരമാകെ തേങ്ങലുകളാണ് നിറഞ്ഞത്. അടുത്തബന്ധുക്കൾ പലരും സങ്കടം താങ്ങാനാകാതെ തളർന്നുപോയിരുന്നു. നിഖിലിന്റെയും അനുവിന്റെയും സുഹൃത്തുക്കൾ കണ്ണിൽ ഈറനണിഞ്ഞാണ്‌ നിമിഷങ്ങൾ തള്ളിനീക്കിയത്.

പ്രണയത്തിനൊടുവിൽ ഒന്നിച്ചുള്ള ജീവിതം തുടങ്ങി ഒരാഴ്ചയ്ക്കകം പറന്നകന്ന നിഖിലും അനുവും. മക്കളുടെ സന്തോഷം മതിയാവോളം കാണാനാകാതെ യാത്രയാകേണ്ടിവന്ന മത്തായി ഈപ്പനും ബിജു പി. ജോർജും. ജീവിതത്തിൽ പലതും ബാക്കിവെച്ച് നാലുപേരും ഒരു പള്ളിമുറ്റത്ത് ഒന്നിച്ച് അന്ത്യയാത്രയായി.

ഞായറാഴ്ച പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മുറിഞ്ഞകല്ലിൽവെച്ച് കാർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ചയാണ് സംസ്കരിച്ചത്.

നവദമ്പതിമാരായ പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തേതുണ്ടിയിൽ വീട്ടിൽ നിഖിൽ ഈപ്പൻ മത്തായി (29), ഭാര്യ അനു ബിജു (26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (64), അനുവിന്റെ പിതാവ് മല്ലശ്ശേരി തെങ്ങുംകാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജ് (51) എന്നിവരാണ് കാറപകടത്തിൽ മരിച്ചത്. പത്തനംതിട്ട പൂങ്കാവ് സെയ്ൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *