ഹിജാബ് തെറ്റായി ധരിച്ചു എന്നാരോപിച്ച് മതകാര്യപോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമിനിക്ക് അനുഭാവം പ്രകടിപ്പിച്ച് ഇറാനില്‍ പ്രതിഷേധം കനക്കുന്നു. ഹിജാബ് കത്തിച്ചും മുടിമുറിച്ചുമാണ് ഇറാനിയന്‍ സ്ത്രീകള്‍ പ്രതിഷേധാഗ്നിക്ക് തിരികൊളുത്തിയിരിക്കുന്നത്. സാരി നഗരത്തിലാണ് ഇറാനിലെ സ്ത്രീകള്‍ ആത്മീയ നേതൃത്വത്തെ വെല്ലുവിളിച്ച് തെരുവില്‍ ഹിജാബ് കത്തിച്ചത്. ഇതിനകം പത്തോളം പേര്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ആറാം ദിവസവും ഇറാനില്‍ പ്രതിഷേധം തുടരുകയാണ്. സ്ത്രീകളാണ് കൂടുതലായി പ്രതിഷേധരംഗത്തുള്ളത്. കെര്‍മാന്‍ഷാ, പിരാന്‍ഷഹര്‍, ഉര്‍മിയ തുടങ്ങിയ നഗരങ്ങളില്‍ ഇറാന്‍ സുരക്ഷാ ഗാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പ് നടത്തി. മൂന്നുപേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സിവിലിയന്മാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും പ്രതിഷേധക്കാര്‍ കൊലപ്പെടുത്തിയതായി സൈന്യവും ആരോപിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ലോകത്തെ വിവിധഭാഗങ്ങളില്‍ ഇറാനിയന്‍ സ്ത്രീകള്‍ ഹിജാബ് കത്തിച്ചും മുടിമുറിച്ചും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്.