Banner Ads

പാൻ ഇന്ത്യൻ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കാൻ അർജുൻ; സംവിധാനം കണ്ണൻ താമരക്കുളം

ആക്ഷൻ കിങ് അർജുൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. ഓഗസ്റ്റ് 29ന് തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസാകുന്ന വിരുന്ന് എന്ന സിനിമയുടെ പ്രൊമോഷൻ പ്രോഗ്രാമിനിടയിൽ പ്രസ്സ് മീറ്റിലും ഇന്റർവ്യൂവിലും അർജുൻ സർജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താൻ നിർമ്മിച്ച പതിനഞ്ച് സിനിമകളും താൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തതെന്നും ആദ്യമായാണ് താൻ മറ്റൊരു സംവിധായകനെ തിരഞ്ഞെടുക്കുന്നത് എന്നും അർജുൻ പറഞ്ഞു. കണ്ണൻ അത്ര മികച്ച ഒരു ടെക്നീഷ്യനായതിനാലാണ് കണ്ണനെ ചൂസ് ചെയ്തത്. ശ്രീറാം ഫിംലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കണ്ണന് വേണ്ടി ഒരു തിരക്കഥ പൂർത്തിയാക്കി അതിന്റെ ഷൂട്ടിംഗ് സ്റ്റേജിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്നതിൽ സന്തോഷം ഉണ്ടെന്നും, ആദ്യം തീരുമാനിച്ച തിരക്കഥ മാറ്റി വലിയ ബഡ്ജറ്റിലാണ് പുതിയ പ്രോജക്ട് പ്ലാൻ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു.

250 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കിയ മാർട്ടിൻ എന്ന സിനിമയുടെ തിരക്കഥ അർജുൻ സർജയുടെതാണ്. കന്നഡ സിനിമയിലെ സൂപ്പർ താരമായ ധ്രുവ സർജ ആണ് ചിത്രത്തിൽ നായകൻ. മാർട്ടിന്റെ കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിനു വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ടു 70 മില്ല്യൺ അധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. അർജുൻ സിർജയുടെ സഹോദരി പുത്രൻ ആണ് ധ്രുവ സർജ. അർജുൻ, തെലുങ്കിൽ തന്റെ മകൾ ഐശ്വര്യ അർജുനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ഇപ്പോൾ. പടം ഏകദേശം പൂർത്തിയായി എന്നും ഇനി രണ്ട് ആക്ഷൻ സീനുകൾ കൂടി മാത്രമേ പൂർത്തിയാകാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സേവകൻ, പ്രതാപ്, ജയ് ഹിന്ദ്, തായിമണികോടി, വേദം, ഏഴുമല്ലൈ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അർജുൻ നിർമ്മിച്ചു സംവിധാനം ചെയ്ത സിനിമകൾ ആണ്. അജിത്തിന് ഒപ്പമുള്ള വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് അർജുൻ വിരുന്നിന്റെ പ്രോമോഷന് എത്തിയത്. വിരുന്നിൽ അർജുനെ കൂടാതെ നിക്കി ഗിൽറാണി, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്‌, മുകേഷ്, അജു വർഗീസ്, ധർമജൻ സുധീർ, മൻരാജ്, അജയ് വാസുദേവ്, സോനാ നായർ എന്നിവരാണ് മറ്റ് താരങ്ങൾ. അർജുൻ സർജ തിരക്കഥ എഴുതി നിർമിക്കുന്ന കണ്ണൻ താമരക്കുളം ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റ്സ് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരും.

 

Leave a Reply

Your email address will not be published. Required fields are marked *