ആദ്യം പറഞ്ഞത് വാഹനാപകടമെന്ന്. പിന്നെ അത് ഹൃദയാഘാതമായി. അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട തൃശ്ശൂർ സ്വദേശി ഡെൻസി ആന്റണിയുടെ മരണം യഥാർത്ഥത്തിൽ എങ്ങനെയെന്നത് ദുരൂഹം. ആ ദുരൂഹത നീക്കാനാണ് കഴിഞ്ഞ ദിവസം മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തിയത്. റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ ഡെൻസിയുടെ മരണം ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഒപ്പം ഹാരിസിന്റെയും.
ഷാബാ ഷെരീഫും ഡെൻസിയും ഹാരിസും
2019 ൽ അബുദാബിയിലെത്തിയ ഡെൻസി കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. 2020 മാർച്ചിൽ ഡെൻസിയെയും ഹാരിസിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്നായിരുന്നു ദുബായ് പോലീസിന്റെ റിപ്പോർട്ട്. ഡെൻസിയുടെ മരണകാരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികളാണ് ഡെൻസിയുടെ സ്ഥാപനത്തിലെ മാനേജർ എന്ന് പറഞ്ഞയാൾ വീട്ടുകാരോണ് പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും വീട്ടുകാർക്ക് ലഭ്യമായില്ല.
ഇരട്ടക്കൊലയ്ക്ക് പിന്നിൽ
അങ്ങനെയിരിക്കെ നിലമ്പൂരിലെ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ പ്രതികൾ പിടിയിലായി. ചോദ്യം ചെയ്യലിനിടെ വൈദ്യനെ കൊലപ്പെടുത്തിയ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ സ്വദേശി ഡെൻസി ആന്റണിയെയും ഹാരിസിനെയും കൊലപ്പെടുത്തിയതായി കൂട്ട് പ്രതികൾ വെളിപ്പെടുത്തി. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ലഹരി മരുന്ന് കേസിൽ ഹാരിസ് ഷൈബിനെ ഒറ്റിയെന്ന സംശയത്തിലാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്നും ഇവർ പറഞ്ഞു. തുടർന്ന് ഒരാഴ്ച മുമ്പ് ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തി. പിന്നാലെ ഡെൻസിയുടെ റീ പോസ്റ്റ്മോർട്ടവും നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ആർഡിഒ റീ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകി.
റീ പോസ്റ്റുമോർട്ടം തുടങ്ങുന്നു
ഡെൻസിയെ അടക്കം ചെയ്ത പള്ളി വികാരിയുടെ അനുമതിയും അമ്മ റോസിലിയുടെ സമ്മതപത്രവും വാങ്ങിയ ശേഷമാണ് കല്ലറ തുറന്നത്. മൃതദേഹം എംബാം ചെയ്തായിരുന്നു നാട്ടിലെത്തിച്ചത്. അതിനാൽ കാര്യമായി ജീർണ്ണിച്ചിരുന്നില്ല. കഴുത്ത് ഞെരിഞ്ഞ് മരിക്കുന്ന ഒരാളിന്റെ ശരീരത്തിൽ സ്വാഭാവികമായും ക്ഷതങ്ങൾ ഉണ്ടാകും. എല്ലുകളും കശേരുക്കളും ഒടിയും. ഇതാണ് പ്രധാനമായും പരിശോധിച്ചത്. എംബാം ചെയ്ത മൃതദേഹത്തിൽ കഴുത്ത് ഞെരിച്ചിരുന്നോയെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നു. പ്രതികളുടെ മൊഴികൾ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോലീസിന്റെ മുൻഗണന. രാസ പരിശോധനയ്ക്കുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രണ്ട് റീ പോസ്റ്റ്മോർട്ടത്തിന്റെയും റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. അതോടെ ഹൃദയാഘാതമാണോ വാഹനാപകടമാണോയെന്ന് തീർച്ചയില്ലാതിരുന്ന രണ്ട് മരണങ്ങളിലെ ദുരൂഹത തീരുമെന്ന് കരുതാം.