ഒരു കൊലപാതകം ചുരുളഴിക്കാനുള്ള കഠിനശ്രമത്തിലാണ് ഇടുക്കി ശാന്തൻപാറ പൊലീസ്. ചിന്നക്കനാലിൽ ഏതാനും ദിവസം മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ 23 – കാരനായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിന്റെ മൃതദേഹമായിരുന്നു അത്. കൊലപാതകത്തിന് 99 ശതമാനവും സാധ്യതയുള്ള കേസിൽ ഇതുവരെയും പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല.
ആ തുടൽ എങ്ങനെ വന്നു?
……………………………………….
ഒന്നര മാസം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു തരുൺ. സംഭവ ദിവസം രാവിലെ ഒൻപത് മണിക്ക് തരുൺ വേഗത്തിൽ സ്കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് തരുണിന്റെ അമ്മ പുറത്ത് പോയിരുന്നു. കിടപ്പുരോഗിയായ വല്യമ്മ മാത്രമായിരുന്നു അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. വീടിന്റെ പുറക് വശത്ത് മുറിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ ജനലിൽ നായ്ക്കളെ പൂട്ടുന്ന തുടൽ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു ചൂരലും മണ്ണണ്ണ നിറച്ചതെന്ന് കരുതുന്ന കുപ്പിയും ലൈറ്ററും പൊലീസിന് കിട്ടി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംശയങ്ങൾ ബാക്കി….ആ തുടൽ… അതെങ്ങനെ തരുണിന്റെ ശരീരത്തിൽ വന്നു?. ശാരീരികാവശതയുള്ള തരുണിന് എങ്ങനെ സ്വയം ചങ്ങലയിൽ ബന്ധിക്കാനാവും?. അങ്ങനെ നടന്നെങ്കിൽ തന്നെ ആ നിലയിൽ ആത്മഹത്യ സാധ്യമാകുമോ?. ഈ സംശയങ്ങളാണ് വിശദമായ അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചത്.
മണ്ണെണ്ണയ്ക്കും ചൂരലിനും പുറകിൽ?
……………………………………………………..
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മണ്ണെണ്ണയ്ക്കൊപ്പം മറ്റൊരു രാസവസ്തുവിന്റെ സാന്നിധ്യവും സംശയിക്കുന്നു. തരുണിന്റെ ശരീരം കത്താൻ ഈ രാസവസ്തുവും കാരണമായെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. എന്നാൽ ഇത് എന്ത് വസ്തുവാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ വച്ച് തന്നെയാണ് തരുണിന് പൊള്ളലേറ്റതെങ്കിൽ സ്വാഭാവികമായും ചുറ്റും തീ പടരുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്യും. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്തിന് ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ല. ഇത്, മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം വീടിന് പിറകിൽ ഉപേക്ഷിച്ചതാവാമെന്ന സംശയം ബലപ്പെടുത്തുന്നു. അപ്പോഴും അമ്മ പുറത്ത് പോയി മടങ്ങി വന്ന ആ ഒരു മണിക്കൂറിനുള്ളിൽ ഇത്രയും കാര്യങ്ങൾ നടക്കുമോ എന്ന സംശയം പിന്നെയും ബാക്കി.
ആ അജ്ഞാതൻ ആര്?
……………………………………
തരുണിന്റെ വീട്ടിൽ അമ്മയെയും വല്യമ്മയെയും കൂടാതെ ഒരാൾ കൂടി താമസിച്ചിരുന്നു. തരുണിന്റെ മൃതദേഹം കണ്ടെത്തുന്നതിന് കുറച്ച് സമയം മുമ്പ് വരെ ഇയാളെ വീടിന് പുറത്ത് കണ്ടിരുന്നുവെന്ന് നാട്ടുകാർ. എന്നാൽ അസ്വാഭാവികമായ രീതിയിൽ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്ന് സമീപത്തെ കൃഷിയിടത്തിൽ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ പറയുന്നു. അജ്ഞാതൻ പൊലീസ് കസ്റ്റഡിയിലാണെന്ന് അഭ്യൂഹമുണ്ട്.
ബാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയും
………………………………………………………..
തരുൺ കൊല്ലപ്പെട്ടതെങ്ങനെ? ആര് കൊന്നു? എന്തിന് കൊന്നു? മണ്ണെണ്ണയ്ക്കൊപ്പം ഉപയോഗിച്ച രാസ വസ്തു ഏതാണ്?. ഇടുക്കി മെഡിക്കൽ കാേളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പോലീസ് സംഘം. എന്തെങ്കിലും ഒരു തുമ്പ് ലഭിക്കാൻ.