കൊല്ലം : പൊതുമരാമത്തുവകുപ്പ് കുത്തിപ്പൊളിച്ച റോഡിന്റെ ഒന്നാം വാർഷികത്തില്‍ പ്രദേശവാസികൾ ഒരു അതുല്യമായ പ്രതിഷേധത്തോടെ ആഘോഷിക്കുന്നു. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിന് പായസം വിതരണം ചെയ്യുന്നു. പന്ത്രണ്ടുമുറി-പിണയ്ക്കല്‍-പുത്തൻചന്ത റോഡിന്റെ ദുരവസ്ഥയിലായിരുന്നു നാട്ടുകാരുടെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധം.
വർഷങ്ങളായിട്ട് തകർന്നുകിടന്ന റോഡ് നാട്ടുകാരുടെ പ്രക്ഷോഭങ്ങളുടെയും നിരവധി പരാതികളെയും തുടർന്ന് ഒരുവർഷം മുൻപാണ് കുത്തിപ്പൊളിച്ചത്. മണ്ണുമാന്തിയന്ത്രംകൊണ്ട് പേരിനെങ്കിലും ഉണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് പാറച്ചീളുകള്‍ നിരത്തിയതിനെ തുടർന്ന് മുങ്ങിയ അധികാരികളെ ഒരുവർഷം കഴിഞ്ഞിട്ടും കാണുന്നില്ലായെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിലാകെ നിരന്ന് കിടക്കുന്ന പാറച്ചീളുകള്‍ കാരണം കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. പള്ളിമുക്ക്-തിരുമുക്ക്-ഇരവിപുരം റോഡ് മേല്‍പ്പാലത്തിനായി അടച്ചതോടെ ഈ റോഡിലൂടെയുള്ള സഞ്ചാരവും മൂന്നിരട്ടിയിലേറെ വർധിച്ചു. വാഹനങ്ങള്‍ കടന്നുപോകുമ്പോൾ പൊടിയും മഴയത്തെ ചെളിയും പ്രദേശവാസികളെയും നാട്ടുകാരെയും അകെ വലയ്ക്കുന്നു.
സംസ്ഥാന പൊതുമാരാമത്തുവകുപ്പ് മന്ത്രിവരെ ഇടപെട്ടിട്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാതൊരു കൂസലുമില്ല. ജനപ്രതിനിധികളാകട്ടെ നാട്ടുകാരുടെ ദുരിതം കാണുന്ന മട്ടൊന്നുമില്ല.