Banner Ads

എസ്എംഎ മരുന്ന് സർക്കാരിന്റെ പക്കൽ ലഭ്യമാണ്; പിന്നെ എന്തിനാണ് ക്യാമ്പയിൻ? തൃശ്ശൂർ മെഡിക്കൽ കോളേജ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടത്തുന്ന ധനസമാഹരണ ക്യാമ്പയിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആവശ്യമായ മരുന്ന് സർക്കാരിന്റെ പക്കൽ ലഭ്യമാണെന്നും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇത് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മരുന്ന് സർക്കാർ തലത്തിൽ ലഭ്യമായിരിക്കെ എന്തിനാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രണ്ട് കോടി രൂപ സാമ്പത്തിക സഹായം നൽകി. ഇതോടെ ക്യാമ്പയിനിലൂടെ സമാഹരിച്ച തുക 30 കോടി രൂപയായി.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും മന്ത്രി അറിയിച്ചു. റിപ്പോർട്ട് പ്രകാരം ആശുപത്രിയുടെ ഭാഗത്തുനിന്നോ ചികിത്സയിലോ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല.

എങ്കിലും സംഭവത്തിൽ പല ദുരൂഹതകളും സർക്കാർ സംശയിക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മൃതദേഹം 36 മണിക്കൂറോളം ശുചിമുറിയിൽ കിടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നും ആരെ നിയമിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തണമെങ്കിൽ പാർട്ടി ശക്തമാകേണ്ടതുണ്ടെന്നും അതിനാൽ പുതിയ പ്രസിഡന്റ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് എല്ലാ എം പിമാരും സഭയിൽ ഹാജരുണ്ടാകണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. ബില്ലിനെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് പാർട്ടിയുടെയും ഇന്ത്യാ സഖ്യത്തിന്റെയും തീരുമാനം.

ഒരു എം പിയും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസമെന്നും വോട്ടെടുപ്പിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ടല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.