
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും സംബന്ധിച്ച ചർച്ചകൾ ഡൽഹിയിലേക്ക്. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം, മുടങ്ങിക്കിടക്കുന്ന പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ സണ്ണി ജോസഫ് ഹൈക്കമാൻഡിനോട് ആവശ്യപ്പെടും.
കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നതിനുള്ള അനുമതിയും അദ്ദേഹം ദേശീയ നേതൃത്വത്തോട് തേടും.പാർട്ടിയിലെ പരസ്യപ്പോരിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. ഇന്നലെ രാത്രി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിലും, ഷാഫിയുടെ മണ്ഡലമായ വടകരയിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. “നുണകൾ പുകഞ്ഞു തീരും, സത്യത്തിന്റെ ജനകീയ മുഖം തെളിഞ്ഞു നിൽക്കും” എന്നാണ് ഈ ഫ്ലെക്സുകളിലെ വാചകം.മൂവാറ്റുപുഴയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ കൂറ്റൻ ഫ്ലെക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
“ഉണ്ണിമാർ കുരയ്ക്കട്ടെ, പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല” എന്നായിരുന്നു മൂവാറ്റുപുഴയിലെ ഫ്ലെക്സിലെ വാക്കുകൾ.ഷാഫി പറമ്പിലിന് പരസ്യ പിന്തുണയുമായി പാലക്കാട് എം.എൽ.എ രമേഷ് പിഷാരടിയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഷാഫിയെ പ്രശംസിച്ചത്.പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്യുക എന്നതാണ് ഷാഫിയുടെ ശീലം.പാലക്കാടിനെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും ഷാഫിക്ക് മാത്രം അവകാശപ്പെട്ടതാണ്.വടകരയിലേക്ക് മത്സരിക്കാൻ പോയില്ലായിരുന്നുവെങ്കിൽ ഷാഫി ഇന്ന് മന്ത്രിയാകുമായിരുന്നുവെന്നും രമേഷ് പിഷാരടി തന്റെ കുറിപ്പിൽ വ്യക്തമാക്കി.