Banner Ads

മിഷൻ ചക്കക്കൊമ്പൻ മൂന്നാം ദിവസവും പ്രതിസന്ധിയിൽ; ആന ജലാശയത്തിന് സമീപം, കാത്തിരിപ്പ് തുടരുന്നു

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയിൽ തുടരുന്നു. നിലവിൽ നടുത്തുരുത്തി ഭാഗത്തുള്ള ആന ജലാശയത്തിന് അടുത്തേക്ക് നീങ്ങിയതാണ് വനംവകുപ്പിന് വെല്ലുവിളിയാകുന്നത്. ആന ജലാശയത്തിലേക്ക് കൂടുതൽ അടുക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.ആന ഇപ്പോൾ നടുത്തുരുത്തിയിലെ ജലാശയത്തിന് സമീപമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

നിലവിൽ ആന മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങുന്നില്ല.ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടി വെക്കാൻ അനുയോജ്യമല്ലെന്ന് സിസിഎഫ് വിനോദ് കുമാർ വ്യക്തമാക്കി. ജലാശയത്തിന് സമീപത്ത് വെച്ച് മയക്കുവെടി വെക്കുന്നത് സുരക്ഷിതമല്ല.ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് നീങ്ങിയാൽ മയക്കുവെടി വെക്കൽ പ്രായോഗികമാകില്ലെന്ന് സിസിഎഫ് വിശദീകരിച്ചു. ആന അങ്ങോട്ടേക്ക് പോകാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നടുത്തുരുത്തിയിൽ നിന്ന് ആന 301 കോളനി ഭാഗത്തേക്ക് എത്തിയാൽ മാത്രമേ മയക്കുവെടി വെക്കാനുള്ള ദൗത്യം വിജയകരമായി നടപ്പിലാക്കാൻ സാധിക്കൂ. പടക്കം പൊട്ടിച്ചോ മറ്റ് രീതിയിലോ ആനയെ വിരട്ടി നീക്കാൻ വനംവകുപ്പ് ഉദ്ദേശിക്കുന്നില്ല. പകരം, ആന സ്വമേധയാ അനുകൂലമായ സ്ഥലത്തേക്ക് നീങ്ങുന്നതിനായി ദൗത്യസംഘം കാത്തിരിക്കുകയാണെന്ന് സിസിഎഫ് അറിയിച്ചു.