Banner Ads

തലസ്ഥാനത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട്; മേയർക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കും മേയർ വി.വി. രാജേഷിനുമെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് നഗരം വെള്ളത്തിൽ മുങ്ങാൻ കാരണമെന്നാണ് പ്രധാന ആരോപണം. സാഹചര്യം വിലയിരുത്തുന്നതിനായി മേയർ ഇന്ന് രാവിലെ 10 മണിക്ക് അടിയന്തര ഹെൽത്ത് സർക്കിൾ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെയാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂർ തുടർച്ചയായി പെയ്ത മഴയിലാണ് നഗരത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്.റോഡുകളിൽ വെള്ളം കയറിയതോടെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ഏറെ ദുരിതത്തിലായി.

ശുചീകരണ തൊഴിലാളികളും ട്രാഫിക് പൊലീസുകാരും ചേർന്ന് അടഞ്ഞുകിടന്ന ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒന്നര മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും ഓടകൾ കവിഞ്ഞൊഴുകുന്ന അവസ്ഥയാണെന്നും ഓടകൾക്ക് മതിയായ ആഴമില്ലെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പരാതിപ്പെടുന്നു.

ബിജെപി നേതൃത്വം നൽകുന്ന കോർപ്പറേഷൻ ഭരണസമിതിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചത്.”നഗരത്തിലെ വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ ബിജെപി ഭരിക്കുന്ന നഗരസഭയുടെ ‘വികസിത തിരുവനന്തപുരം’ ബ്ലൂ പ്രിന്റ്? ഇത് ബ്ലൂ പ്രിന്റല്ല, ‘ബ്ലും പ്രിന്റാണ്’.””ഓടകളിലെ മാലിന്യം നീക്കാൻ പൊലീസിന് ഇറങ്ങേണ്ട ഗതികേടാണ് നഗരത്തിലുള്ളത്. പിന്നെ കോർപ്പറേഷന്റെ ജോലി എന്താണ്?”