Banner Ads

ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ: പന്നിയാർ ഭാഗത്തേക്ക് കടക്കാതിരിക്കാൻ ജാഗ്രത; ഇന്ന് ദൗത്യം അവസാനിപ്പിക്കും

ഇടുക്കി : ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. നിലവിൽ തുരുത്തിൽ നിന്ന് 301 കോളനി ഭാഗത്തേക്ക് ആന നീങ്ങുകയാണ്. മറയൂർ കുടി ഭാഗത്തേക്കാണ് സഞ്ചാരം. 301 കോളനിയിലേക്ക് ആനയെ എത്തിക്കാൻ സാധിച്ചാൽ ദൗത്യത്തിന് കൂടുതൽ അനുകൂലമാകും. നടുത്തുരുത്തി തുരുത്ത് ഭാഗത്തുള്ള ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

ഇതിനായി ബോട്ടിൽ പ്രത്യേക സംഘത്തെ വിന്യസിക്കുകയും പൂർണ്ണ സജ്ജീകരണങ്ങളോടെ നിലയുറപ്പിക്കുകയും ചെയ്തു. ആന പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് സിസിഎഫ് ഡി കെ വിനോദ് കുമാർ വ്യക്തമാക്കിയിരുന്നു. ദൗത്യം വിജയിച്ചില്ലെങ്കിലും ഇന്ന് വൈകിട്ടോടെ ദൗത്യം അവസാനിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ദൗത്യസംഘാംഗങ്ങൾ ക്ഷീണിതരാണെന്നും സിസിഎഫ് ഡി കെ വിനോദ് കുമാർ അറിയിച്ചു. അതിനിടെ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ചത് കൊണ്ട് മാത്രം പ്രയോജനമില്ലെന്നും ആനയെ പ്രദേശത്ത് നിന്ന് പൂർണ്ണമായി മാറ്റണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. റേഡിയോ കോളർ ഇടാൻ പോലും സാധിക്കാത്ത വിധം അപകടകാരിയായ ആനയെ പിടിച്ചുമാറ്റേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനവാസ മേഖലകളിലിറങ്ങി വീടുകളും കൃഷിയും നശിപ്പിച്ച് ജനങ്ങളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന കാട്ടാനയെ മാറ്റിപ്പാർപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര നിയമം. ആനയെ പിന്തുണയ്ക്കുന്നവരുടെ നിലപാടുകളെ വിമർശിച്ച എംപി ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കി.