Banner Ads

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നിർജ്ജലീകരണമെന്ന് സുപ്രിയ സുലെ; ഈ മാസം മൂന്നാം തവണ

മുംബൈ : മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണം സംശയിക്കുന്നതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മകളും എംപിയുമായ സുപ്രിയ സുലെ എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ ബാബയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.

നിർജ്ജലീകരണമാണെന്ന് തോന്നുന്നു. ജോലി സമയം കുറയ്ക്കാനും യാത്ര കുറയ്ക്കാനുമൊക്കെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. ബാബ തന്റെ ജോലിയെ വളരെയധികം സ്നേഹിക്കുന്നു. ആശങ്കകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി – സുപ്രിയ സുലെ കുറിച്ചു.

നരിമാൻ പോയിന്റിലെ പാർട്ടി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്ന സുലെ വിവരമറിഞ്ഞയുടൻ യോഗം പാതിവഴിയിൽ ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് 85കാരനായ മുൻ കേന്ദ്രമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

നേരത്തെ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് നവംബർ രണ്ടിന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്ന പവാറിനെ നവംബർ നാലിന് ഡിസ്ചാർജ് ചെയ്തിരുന്നു. അന്നേ ദിവസം തന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ നവംബർ ഏഴിനാണ് ആശുപത്രി വിട്ടത്. നിലവിലെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.