Banner Ads

തൃത്താല സ്കൂൾ വെടിവെപ്പ്: തോക്ക് മുത്തശ്ശന്റേത്; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു, സ്കൂൾ അധികൃതർക്കെതിരെയും നടപടി

പാലക്കാട് : തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണവും നിയമനടപടികളും ഊർജ്ജിതമാക്കി പൊലീസ്. അനധികൃതമായി ആയുധം കൈവശം വച്ചതിന് വെടിയുതിർത്ത വിദ്യാർത്ഥിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ പക്കൽ ഉണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് വീട്ടുകാർക്കെതിരെ നടപടിയെടുത്തത്. പിടിച്ചെടുത്ത 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഉത്തരേന്ത്യൻ നിർമ്മിതമായ ഈ തോക്കിൽ ഉപയോഗിച്ചിരുന്ന ബുള്ളറ്റുകൾ പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മരണപ്പെട്ട മുത്തശ്ശന്റേതായിരുന്നു തോക്കെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇത് അമ്മ അറിയാതെ കുട്ടി എടുത്തുകൊണ്ടുവന്നതാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം തോക്ക് എങ്ങനെയാണ് കുട്ടിയുടെ കൈവശം എത്തിയതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. വെടിയുതിർത്ത വിദ്യാർത്ഥിയുടെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് വിവരം.

സംഭവത്തിൽ വീഴ്ച വരുത്തിയ പരുതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ക്ലാസ് മുറിയിൽ വെച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് സഹപാഠിക്ക് പരിക്കേറ്റത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.