Banner Ads

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾ; നടപടിയെ ന്യായീകരിച്ച് ക്ഷേത്രം ട്രസ്റ്റ്

ചെന്നൈ : തിരുപ്പറങ്കുൻറം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകളുടെ തീരുമാനം. വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനാണ് സംഘടനകളുടെ നീക്കം. അതേസമയം ദീപത്തൂണിൽ ദീപം തെളിയിക്കാതിരുന്ന നടപടിയെ ന്യായീകരിച്ച് ക്ഷേത്രം ട്രസ്റ്റ് രംഗത്തെത്തി.

ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും വിവാദമായ സ്ഥലത്ത് ദീപം തെളിയിക്കുന്നത് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നുമാണ് ട്രസ്റ്റിന്റെ വിശദീകരണം. ക്ഷേത്രത്തിന്റെ സവിശേഷമായ ആചാരങ്ങളും പാരമ്പര്യവും കോടതിയെ ബോധ്യപ്പെടുത്തുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. തിരുപ്പറങ്കുൻറം മലമുകളിലുള്ള തൂണിൽ ദീപം തെളിയിക്കുന്നതിനെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്.

ഹൈന്ദവ സംഘടനകൾ ഇതിനെ ദീപസ്തംഭം എന്ന് വിശേഷിപ്പിക്കുമ്പോൾ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേക്കല്ല് ആണിതെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം. ഈ സ്തംഭത്തിൽ ഇതുവരെ ദീപം തെളിയിച്ചിട്ടില്ലെന്നും ക്ഷേത്രത്തിൽ എല്ലാ വർഷവും പതിവുള്ളതുപോലെ പരമ്പരാഗത സ്ഥാനത്ത് മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു.

തിരുപ്പറങ്കുൻറം മലമുകളിൽ ദീപം തെളിയിക്കാമെന്ന് ആദ്യം ഉത്തരവിട്ടത് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനായിരുന്നു. തുടർന്ന് നവംബർ 24ന് ഒറ്റത്തവണ ക്രമീകരണമെന്ന നിലയിൽ ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതിയും അനുമതി നൽകിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചും നിർദേശിച്ചിരുന്നു.

നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് മധുര ജില്ലാ കളക്ടർ നിശാന്ത് കൃഷ്ണ കോടതിയിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ദീപത്തൂണിൽ ദീപം തെളിയിക്കാത്തതാണ് പുതിയ നിയമപോരാട്ടത്തിന് വഴിവെച്ചിരിക്കുന്നത്.