
പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. ഇന്നലെ രാത്രി 12 മണിവരെ 75234 തീർഥാടകരാണ് ദർശനത്തിനെത്തിയത്. ഈ മണ്ഡലകാല സീസണിൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയതും ഇന്നലെയാണ്. ഇന്ന് രാവിലെ 11 മണിവരെ 35000 തീർഥാടകരും മല ചവിട്ടി.
എന്നാൽ വെർച്വൽ ക്യൂ ബുക്കിങ് വേഗത്തിൽ പൂർത്തിയാകുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. സ്പോട്ട് ബുക്കിങ് എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു.
മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരും ദർശനത്തിന് എത്തിയവരും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ഇതിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ തീർഥാടകരുടെ എണ്ണം കുത്തനെ ഉയർന്നത്.
മറ്റു തീയതികളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 7564 പേർ ഇന്നലെ ദർശനത്തിനെത്തിയതായി ദേവസ്വം ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബുക്കിങ്ങും ദർശനവും തമ്മിലുള്ള വ്യത്യാസത്തിന് ഇതും ഒരു കാരണമാണെന്ന് ബോർഡ് വിലയിരുത്തുന്നു.
ഏജന്റുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നതാണെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. വെർച്വൽ ക്യൂ സ്ലോട്ടുകൾ വേഗത്തിൽ നിറയുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനം.
എങ്കിലും വെർച്വൽ ക്യൂ പൂർത്തിയായതിനാൽ നിരവധി തീർഥാടകർക്ക് ബുക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ നേരിട്ടെത്തി സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്താമെങ്കിലും തീർഥാടകരുടെ എണ്ണം ഇനിയും ഉയർന്നാൽ കോടതി ഇടപെടലിലൂടെ സ്പോട്ട് ബുക്കിങ് പരിധി വർധിപ്പിക്കേണ്ടി വരും.