Banner Ads

ഇ20 പെട്രോളിലെ എഥനോൾ പരിശോധന മുടങ്ങി: സർക്കാർ വാദം തള്ളി വിദഗ്ധർ; നിലപാട് ദുരൂഹമെന്ന് വിമർശനം

തിരുവനന്തപുരം : ഇ20 പെട്രോളിലെ എഥനോളിന്റെ യഥാർഥ അളവ് കണ്ടെത്തുന്നതിനായി ആരംഭിച്ച ശാസ്ത്രീയ പരിശോധന മുടങ്ങിയതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ദുരൂഹമാണെന്ന് ആക്ഷേപം. പരിശോധനയ്ക്ക് ആവശ്യമായ 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ എണ്ണ കമ്പനികൾ നൽകിയില്ലെന്നും അതിനാലാണ് പരിശോധന തടസ്സപ്പെട്ടതെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.

എന്നാൽ പരിശോധനയ്ക്ക് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ നിർബന്ധമാണെന്ന സർക്കാർ വാദത്തെ വിദഗ്ധർ ചോദ്യം ചെയ്യുന്നു. ശുദ്ധമായ സാമ്പിൾ ആവശ്യമില്ലെന്നും പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ മറ്റ് ശാസ്ത്രീയ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാട്ടർ എക്സ്ട്രാക്ഷൻ, ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി തുടങ്ങിയ ബദൽ പരിശോധനാ രീതികൾ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കുമെന്നിരിക്കെ ഇവ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെന്നാണ് വിമർശനം. പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കർണാടക സർക്കാർ പരമ്പരാഗത പരിശോധനാ രീതികൾ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ കർണാടകയ്ക്കുപോലും ഇക്കാര്യത്തിലുള്ള താല്പര്യം കേരള സർക്കാർ കാണിക്കുന്നില്ലെന്നും വിഷയത്തിലെ സതീശൻ സർക്കാരിന്റെ നിലപാട് ദുരൂഹമാണെന്നുമാണ് വിമർശനം.