Banner Ads

മാവൂരിലെ ഹോൾസെയിൽ കേന്ദ്രത്തിൽ നിന്ന് ഏകദേശം 16,000 കേടായ കോഴിമുട്ടകൾ പിടിച്ചെടുത്തു; ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന

കോഴിക്കോട്: മാവൂരിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ മുട്ട വിതരണ കേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഏകദേശം പതിനാറായിരത്തോളം കേടായ കോഴിമുട്ടകൾ പിടിച്ചെടുത്തു. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിലെ രണ്ട് കടമുറികൾക്കുള്ളിൽ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മുട്ടകൾ.

കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പൊട്ടിയതും കേടായതുമായ ഈ മുട്ടകൾ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചിരുന്നത് ബേക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനാണെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.

പിടിച്ചെടുത്ത മുട്ടകൾ സുരക്ഷിതമായി നശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കോഴിമുട്ടകൾ ജീവനക്കാരെ ഉപയോഗിച്ച് തരംതിരിച്ച് കേടുള്ളവ മാറ്റിവെച്ച് തിരിച്ചയക്കുകയാണ് പതിവെന്ന് കടയുടമ റഫീക്ക് വ്യക്തമാക്കി. കേടായ മുട്ടകൾക്ക് രൂക്ഷമായ ദുർഗന്ധമുള്ളതിനാലാണ് ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചതെന്നും അദ്ദേഹം അറിയിച്ചു.