
ദില്ലി : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുടിവെള്ള ബ്രാൻഡായ ബിസ്ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് എഫ്എസ്എസ്എഐ അനുമതി നൽകി. ബിസ്ലേരിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിളിൽ അനുവദനീയമായ അളവിലും കൂടുതൽ മാരക രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് മറ്റ് കമ്പനികൾ. ബിസ്ലേരി കുടിവെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് പ്രഖ്യാപിച്ചു.
കമ്പനി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് അയച്ചപ്പോഴും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് തെളിഞ്ഞത്. രണ്ടാമത്തെ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും എഫ്എസ്എസ്എഐ നിർദ്ദേശിച്ചു.