
അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിയായ 25-കാരിയെ വെള്ളത്തൂവൽ പോലീസ് നിരീക്ഷണത്തിലാക്കി. യുവതി നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം നാല് മണിയോടെയാണ് പുരയിടത്തിൽ കുഞ്ഞിന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അമിത രക്തസ്രാവത്തെ തുടർന്നാണ് 25-കാരി ആശുപത്രിയിൽ ചികിത്സ തേടിയത്. ആർത്തവത്തെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നാണ് യുവതി ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്.
ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് വ്യക്തമായി. ഇതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ വെള്ളത്തൂവൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മരണകാരണം അറിയുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.