
പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും നിരോധിച്ചുകൊണ്ട് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര ഉത്തരവിറക്കി. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനം പ്രാബല്യത്തിലുള്ളത്.
ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് തീർത്ഥാടകർ വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടി. ദിവസേന ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്നും നീക്കം ചെയ്യേണ്ടി വരുന്നത്. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് പമ്പാ നദി. നദി മലിനമാകുന്നതും ഇതുവഴി ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ് ഈ നീക്കം.
പമ്പാ നദിയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉപേക്ഷിക്കാൻ പാടില്ല. നദീതീരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ തള്ളുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം നിയമം ലംഘിക്കുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
ഉത്തരവ് നടപ്പിലാക്കുന്നതിനും നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി. പ്രദേശത്ത് പരിശോധനകൾ ശക്തമാക്കും.
പിഴയായി ഈടാക്കുന്ന തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്താനും, ഈ തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എ.ഡി.എം നിർദ്ദേശം നൽകി.