
ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി കർശന നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. നദിയിലോ തീരങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ദിലീപ് കെ കൈനിക്കരയുടെ ഉത്തരവിൽ പറയുന്നു.
നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനം പ്രാബല്യത്തിലുള്ളത്. പമ്പാ നദിയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. കൂടാതെ നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ആവർത്തിച്ച് ബോധവൽക്കരണം നടത്തിയിട്ടും ദിവസവും ടൺ കണക്കിന് വസ്ത്രങ്ങൾ പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഇടപെടൽ. ബിഎൻഎസ്എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് 5000 രൂപ വരെ പിഴ ഈടാക്കുക.
15 ദിവസത്തിനകം പിഴ അടയ്ക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കുന്നതിനായി പമ്പയിൽ പരിശോധന ശക്തമാക്കും. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തിയിട്ടുണ്ട്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പാ നദി മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരുന്നതും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.