Banner Ads

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്; വെർച്വൽ ക്യൂ ക്രമക്കേടുകൾ അന്വേഷിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തി

പത്തനംതിട്ട : വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായിരുന്നിട്ടും ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. അവധി ദിവസങ്ങളായിട്ടും സന്നിധാനത്ത് തിരക്ക് കാര്യമായി വർദ്ധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച 60003 തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്.

ശനിയാഴ്ച ഇത് 61677 ആയിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി 182315 പേർ മാത്രമാണ് മലകയറിയത്. വാരാന്ത്യത്തിൽ ഏകദേശം രണ്ടേകാൽ ലക്ഷത്തോളം പേർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നെങ്കിലും ഭൂരിഭാഗം പേരും എത്തിയില്ല.

ഇതിന് ആനുപാതികമായി സ്പോട്ട് ബുക്കിംഗിലും കുറവുണ്ടായിട്ടുണ്ട്. ബുക്കിംഗ് പൂർണ്ണമായിട്ടും തീർത്ഥാടകർ എത്താത്ത സാഹചര്യത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. വിഷയം അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പ്രതിദിന വെർച്വൽ ക്യൂ പരിധിയിൽ 5000 പേരെക്കൂടി ഉൾപ്പെടുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ശേഷം എത്താത്തവർക്ക് മണ്ഡലകാലത്ത് പിന്നീട് ദർശനത്തിന് അവസരം ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഈ സീസണിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തില്ല. നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുന്നത് സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പരിഷ്കാരങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സീസണിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്നും ബോർഡ് വ്യക്തമാക്കി.