ക്ഷേത്രപ്പടിയിൽ തന്റെ ചിത്രം വരച്ച ചവിട്ടി;പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ
Published on: October 10, 2024
ചെന്നൈ: ആന്ധ്രയിൽ ക്ഷേത്രപ്പടിയിൽ ഉദയനിധി സ്റ്റാലിന്റ ചിത്രം വരച്ച ചവിട്ടി സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
സംഘികളുടെ മനസ്സ് വൃത്തിയാക്കാൻ ആർക്കും കഴിയില്ലെന്നും അവരുടെ കാലെങ്കിലും വൃത്തിയാക്കട്ടേ യെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.എതിരാളികള്‍ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമവിവാദത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണ്‍ ഉദയനിധിക്കെതിരേ രംഗത്തുവന്നതോടെയാണ് ഉദയനിധിയുടെ ചിത്രത്തില്‍ കാല് തുടയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇത് കഴിഞ്ഞവർഷം സനാതനധർമ വിവാദ സമയത്തു പുറത്തിറങ്ങിയ വീഡിയോയാണ് എന്നാൽ ഇപ്പോള്‍ ഇത് വീണ്ടും പ്രചരിക്കുന്നത്.
‘ദ്രാവിഡ തത്ത്വങ്ങളിലെ സമത്വദർശനമാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നത്. അവരുടെ അപക്വതയാണ് എന്നെ അവഹേളിക്കാനുള്ള ശ്രമങ്ങളില്‍ നിഴലിക്കുന്നത്. അംബേദ്കറെയും അണ്ണാദുരൈയെയും അവർ അവഹേളിച്ചു. കരുണാനിധിയെയും സ്റ്റാലിനെയും അധിക്ഷേപിച്ചു’വെന്നും ഉദയനിധി പറഞ്ഞു.