
കൊല്ലം : കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 17 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവം നടക്കുകയായിരുന്നു.
പ്രസവത്തിന് പിന്നാലെ ഡോക്ടർമാർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിൽ 17കാരനായ ആൺകുട്ടിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ കുളത്തൂപ്പുഴ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.