
ശബരിമല : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ പുതിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയ സ്പോട്ട് ബുക്കിംഗ് കേന്ദ്രം അപ്രകാരം തന്നെ തുടരുമെന്നും ബോർഡ് അറിയിച്ചു.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ-പമ്പ പാതയിലൂടെ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിൽ എത്തി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ദർശനത്തിനായി പമ്പയിലേക്ക് തിരിക്കാവൂ. നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന തരത്തിൽ യാതൊരു നിർദ്ദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.