Banner Ads

വിമാന സർവീസുകളിൽ തുടർച്ചയായ വീഴ്ച: സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ്; സമയകൃത്യത 25 ശതമാനമായി താഴ്ന്നു

ദില്ലി : വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്പൈസ് ജെറ്റിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നോട്ടീസ് നൽകി. നവംബർ 17ന് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ഭൂരിഭാഗം വിമാനങ്ങളും കൃത്യമായി സർവീസ് നടത്തുന്നില്ലെന്നും അംഗീകൃത സമയക്രമം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ഇതിനിടെ 5500 കോടി രൂപ സമാഹരിക്കാനുള്ള നീക്കവും സ്പൈസ് ജെറ്റ് ആരംഭിച്ചിട്ടുണ്ട്. നവംബർ 19ലെ കണക്കുകൾ പ്രകാരം സ്പൈസ് ജെറ്റിന്റെ കേവലം 25 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്. മറ്റ് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികളുടെ സമയകൃത്യത 80 ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ 50 ശതമാനത്തിലധികം വിമാനങ്ങളും സ്പൈസ് ജെറ്റ് റദ്ദാക്കുന്നതായി വിമാനത്താവളങ്ങളിൽ നിന്നും ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഭൂരിഭാഗം വിമാനങ്ങളും നിലത്തിറക്കിയിരിക്കുകയാണ്. പിഴത്തുകയും നിർബന്ധിത ഇൻഷുറൻസ് പുതുക്കൽ തുകയും ഉൾപ്പെടെ അടയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

വ്യോമയാന ചട്ടങ്ങളുടെ ലംഘനം, അടിക്കടിയുള്ള സർവീസ് തടസ്സങ്ങൾ, കുടിശ്ശികകൾ എന്നിവയാണ് നോട്ടീസിന് ആധാരം. 2019ൽ ഏകദേശം 15 ശതമാനം ആഭ്യന്തര വിപണി വിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു സ്പൈസ് ജെറ്റ്. കൊവിഡിന് ശേഷം പ്രതിസന്ധി രൂക്ഷമായി. ഈ വർഷം ജനുവരിയിൽ ഏകദേശം 4 ശതമാനമായിരുന്ന വിപണി വിഹിതം ഒക്ടോബറിൽ വെറും 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

നവംബറിലും സ്ഥിതി കൂടുതൽ വഷളാവുകയാണ്. ഒരു വിമാനക്കമ്പനി പ്രതിസന്ധിയിലാകുമ്പോൾ അതേ റൂട്ടുകളിൽ സർവീസ് നടത്തുന്ന മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.