
തിരുവനന്തപുരം : കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന ആരോപണവുമായി കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ രംഗത്ത്. പാർട്ടിയിലും മുന്നണിയിലും കൃത്യമായ ചർച്ചകളില്ലാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതാക്കൾ.
മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ തീരുമാനം. അതേസമയം ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലും പിഎസ്സി, ദേവസ്വം ബോർഡ് നിയമനങ്ങളിലും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി എ ഗ്രൂപ്പിനുമുണ്ട്.
ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ചിരുന്ന വിഭാഗത്തിന് ഇക്കാര്യത്തിൽ വലിയ അമർഷമാണുള്ളത്. തർക്കങ്ങൾക്കൊടുവിൽ കെ സി പക്ഷം തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുമ്പോൾ ബോർഡ്-കോർപ്പറേഷൻ ചർച്ചകളിൽ പോലും തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി. ഘടകകക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും കടുത്ത അതൃപ്തിയിലാണ്.
കെപിസിസി അധ്യക്ഷൻ ദുർബലനാണെന്ന വിമർശനങ്ങൾ പാർട്ടിയിൽ ഉയരുന്നതിനിടെ സംഘടനാ തലത്തിൽ ശക്തമായി ഇടപെടാൻ ഒരുങ്ങുകയാണ് പ്രസിഡന്റ് സണ്ണി ജോസഫ്. താൻ അധ്യക്ഷനായിരിക്കുമ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സണ്ണി ജോസഫ് തറപ്പിച്ചു പറഞ്ഞത് ശ്രദ്ധേയമായി.
മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് അടിച്ചേൽപ്പിക്കുന്നുവെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും വിമർശനമുയർന്നു. ഇത് വി ഡി സതീശനുള്ള സന്ദേശമാണെന്ന് പാർട്ടിയിലെ എതിർചേരികൾ വിലയിരുത്തുന്നു. ഇനി മുതൽ വെറുതെ എഴുതി നൽകുന്ന കാര്യങ്ങളിൽ ഒപ്പിടില്ലെന്നും സുപ്രധാന വിഷയങ്ങളിൽ കൃത്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്നുമാണ് വി ഡി സതീശൻ വിരുദ്ധ വിഭാഗത്തിന്റെ ഉറച്ച നിലപാട്.