
കണ്ണൂർ : കണ്ണൂർ അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള വിധിയാണ് പ്രഖ്യാപിക്കുന്നത്. കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായിരുന്ന അബ്ദുൽ ഷുക്കൂറിനെ മണിക്കൂറുകളോളം ബന്ദിയാക്കുകയും, ഫോട്ടോയെടുത്ത് ആളെ ഉറപ്പുവരുത്തിയ ശേഷം പാർട്ടി കോടതി വിധി നടപ്പാക്കുന്ന രീതിയിൽ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്.
2012 ഫെബ്രുവരി 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും എംഎൽഎയായിരുന്ന ടി വി രാജേഷും സഞ്ചരിച്ച വാഹനവ്യൂഹം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് തളിപ്പറമ്പിലെ കീഴറയിൽ (വള്ളുവൻകടവ്/ചുള്ളിയോട് വയൽ പ്രദേശം) വെച്ച് ഷുക്കൂറിനെയും സുഹൃത്തുക്കളെയും ഒരു സംഘം സിപിഎം പ്രവർത്തകർ പിടികൂടിയത്.
ഇവരുടെ ചിത്രങ്ങൾ എസ്എംഎസ് വഴി അയച്ചുനൽകി ആക്രമണത്തിൽ പങ്കെടുത്തവർ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ക്രൂരമർദനവും കൊലപാതകവും. ആക്രമണത്തിൽ ഷുക്കൂർ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന സക്കറിയ, അയൂബ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ 33 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരണപ്പെട്ടതിനാൽ ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്.
തളിപ്പറമ്പിലെ ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്ന കെ വി സുമേഷ്, പി ഗണേഷൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി എൻ മോഹനൻ പതിനൊന്നാം പ്രതിയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് കേസിലെ മറ്റൊരു പ്രതിയുമാണ്. പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമാണ്. കൊലപാതക ഗൂഢാലോചനയും, കൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ലെന്നതുമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പി ജയരാജനെ പ്രവേശിപ്പിച്ചിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ ഗൂഢാലോചനയിൽ നേതാക്കളുടെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്ന സാക്ഷികളിൽ പലരും വിചാരണവേളയിൽ കോടതിയിൽ ഹാജരായി മൊഴി നൽകാത്തത് കേസിൽ നിർണായകമാണ്. 17 മാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയുന്നത്.